Wednesday, November 21, 2018

റോസ് മില്‍ക്ക്

റോസ് മിൽക്കിന്റ
സ്വാദും മണവും ആണ്
എനിക്ക് ശിശു ദിനം.
പണ്ട് കോട്ടയം 
എം ഡി, എൽ പി സ്കൂളിൽ നിന്നും
ഞങ്ങളെ ബേക്കർ സ്‌കൂളിലേക്ക് പൊരി വെയിലത്തു നടത്തി കൊണ്ട് പോകും.
ഹൈ സ്കൂളിന്റെ പിന്നിലൂടെ എം ഡി കൊമേഴ്‌സ് സെന്ററിന് അടുത്ത് ഞങ്ങൾ എത്തും. അവിടുന്ന് വലിയ കുട്ടികളും ചെറിയ കുട്ടികളും ജാഥയായി വരുന്നുണ്ടാവും അവർക്കൊപ്പം ചേരും.
"ജയ് ജയ് ചാച്ചാജി.... എൽ പി സ്കൂൾ അധ്യാപിക മറിയാമ്മ ടീച്ചർ തൊണ്ട പൊട്ടി വിളിക്കും.
ഞങ്ങളും കാറും 'ജയ് ജയ് ചാച്ചാജി '
പിന്നെ ബാൻഡ് മേളം ചെണ്ട മേളം. കയ്യിൽ വർണ കടലാസ് കൊണ്ട് വെഞ്ചാമരം.
ചിലപ്പോൾ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്ന് ലീലാമ്മ ടീച്ചർ പറയും. മൂപ്പത്തി വല്യ ദേഷ്യ കാരിയാണ്.
ഒരു കാര്യവും ഇല്ലാ. ലെഫ്റ്റ് ഏതാ റൈറ്റ് ഏതാ എന്ന് അറിയാതെ ഞങ്ങൾ ചുമ്മാ ടക്... ടക് എന്ന് തുള്ളി തുള്ളി പോകും.
വെയിലേറ്റ് തൊണ്ട വരളും.
ശീമാട്ടി കവല ഒക്കെ ആകുമ്പോൾ തളരും.
ദേ അപ്പോൾ അന്നമ്മ ടീച്ചർ ഉറക്കെ വിളിച്ചു തരും...
'ജയ് ജയ് ചാച്ചാജി.' ആളുകൾ കൂടുതൽ കാഴ്ച്ച കാരായി നിൽക്കുന്നതിന്റെ ആവേശം.
എല്ലാം മറന്നു ഞങ്ങൾ വീണ്ടും കാറി കൂവും 'ജയ് ജയ് ചാച്ചാജി '
പക്ഷേ മറക്കാത്ത ഒരു കാര്യം ബേക്കർ സ്കൂളിൽ ചെല്ലുമ്പോൾ കിട്ടുന്ന മിൽമയുടെ റോസ് മിൽക്കും, ചെറിയ പാക്കറ്റിൽ ഉള്ള ഫ്രൂട്ടി ബ്രെഡും ആണ്.
ചെറിയ കുറ്റി പെൻസിൽ പോലുള്ള എനിക്ക് ഉന്തും തള്ളും ഉണ്ടാക്കാൻ അറിയില്ല.
അന്നമ്മ ടീച്ചറോ ലീലാമ്മ ടീച്ചറോ വിചാരിച്ചാൽ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്രാന്തം പിടിച്ചാണ് കുട്ടികൾ.
അപ്പോൾ എന്നെ സ്നേഹത്തോടെ സഹായിച്ച ഒരു ചേട്ടൻ ഉണ്ട്. മൂപ്പർക്കു കയ്യിൽ ആറു വിരൽ ആണ്. രണ്ട് തവണ തോറ്റു നാലിൽ എത്തിയതേ ഉള്ളു. പക്ഷേ എല്ലാർക്കും പേടിയാ.
എനിക്കും പേടിയാ. പക്ഷേ പലപ്പോഴും എന്നെ സ്നേഹത്തോടെ കരുതി സഹായിക്കാൻ അങ്ങേര് അന്ന് ഉണ്ടായിരുന്നു. ഇന്റർവെൽ സമയം പൈപ്പിൻ ചുവട്ടിൽ വെള്ളം കുടിക്കാൻ ചെല്ലുമ്പോൾ തിരക്കും ബഹളവും കാരണം എനിക്ക് പേടി ആണ്. അപ്പോൾ ഞാൻ അന്വേഷിക്കുന്ന സഹായം അങ്ങേരുടേത് ആണ്. അയാൾ വന്നാൽ ഒരു ആട്ടും ബഹളവും നടത്തും. ഊത്ത പിള്ളേർ എല്ലാം പെട്ടെന്ന് ഒതുങ്ങും. അപ്പോൾ പൈപ്പിൽ പിടിച്ചു കൊണ്ട് അങ്ങേർ മാറി നിൽക്കുന്ന എന്നെ വിളിക്കും. 'നീ വാടാ. കൊച്ചു പിള്ളേർ കുടിക്കട്ടെ. '
ആ നീതിമാൻ എന്തോ, ടീച്ചർമാരുടെ കണ്ണിലെ കരടായിരുന്നു.
ശിശു ദിന റാലിയിലും എന്നെ അങ്ങേര് സഹായിക്കാൻ എത്തി. 'നിനക്ക് എത്ര കവർ പാല് വേണം'
സ്വതേ ഉണ്ട കണ്ണായ എന്റെ രണ്ടു കണ്ണും കൂടുതൽ തള്ളി. ഞാൻ വിരൽ ഉയർത്തി രണ്ട് എന്ന് കാണിച്ചു. ദാ മിൽമയുടെ പ്ലാസ്റ്റിക് ട്രേയിൽ നിന്ന് രണ്ടു റോസ് മിൽക്ക് പാക്കറ്റ് പുഷ്പം പോലെ. 'ബ്രെഡോ?'
മര്യാദ കാരനായ ഞാൻ ഒന്ന് എന്ന് കാണിച്ചു.
ദേ അതും വന്നു.
ശൈശവും കൗമാരവും കടന്നു കടലോളം ജീവിതം കുടിച്ച് ഇന്നും ഞാൻ ആ പേരില്ലാത്ത ആറുവിരൽ ചേട്ടനേ ഓർക്കുവാ.
യാതൊരു രക്ത ബന്ധവും ഇല്ലാതെ, യാതൊരു ലാഭവും ഇല്ലാതെ എന്നെ സഹായിച്ച, സ്നേഹിച്ച ആ മനുഷ്യൻ ആരാണ്? നന്ദിയില്ലാത്ത ഞാൻ ആ പേര് പോലും അറിയില്ലാത്തവൻ.
സുഹൃത്തേ, ജ്യേഷ്ഠാ നിങ്ങൾ എന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ ഈ പോസ്റ്റ്‌ എന്നേലും വായിക്കാൻ കഴിഞ്ഞാൽ എന്നെ വിളിക്കുമോ. എനിക്ക് ഒന്ന് പരിചയപ്പെടാൻ റോസ് മിൽക്ക് മണമുള്ള ശിശുദിനം ഓർമ്മിക്കാൻ. എം ഡി സെമിനാരി എൽ പി സ്കൂൾ കാലം ഓർമ്മിക്കാൻ. പിന്നേ പറയാതെ പോയ കുറെ നന്ദി വാക്കുകൾ പറയാൻ.

മിണ്ടരുത്


"മിണ്ടിപ്പോകരുത്...."

കണ്ണുരുട്ടി നിൽക്കുന്ന
കാട്ടുനീതിക്കു മുന്നിൽ
അതുകേട്ട് ആ 
കുഞ്ഞിന് ഉറക്കെ നിലവിളിച്ചു പ്രതികരിക്കാനേ കഴിയുമായിരുന്നുള്ളൂ.
അതൊരു പ്രാർഥന ആയിരുന്നു....
അർഥന ആയിരുന്നു.
"നിന്നോട് മിണ്ടരുതെന്നല്ലേ പറഞ്ഞത്.
നീ മിണ്ടരുത്, അവിടെ നിൽക്കരുത്, ഉറക്കെ പ്രാർത്ഥിക്കാൻ പോലും പറ്റില്ല."
"ഞാൻ ജപിച്ചത് നാരായണ നാമം മാത്രം. ഇനി ജപിക്കുന്നതും ഭഗവൽനാമം മാത്രം. "
"അഹങ്കാരി...... "
അയാൾ തന്റെ അധികാരം വാക്കുകളിൽ തെറിപ്പിച്ചു.
കണ്ണിൽ അഭിഷേകാഗ്‌നി ജ്വലിക്കുന്ന പാവം കുഞ്ഞിനെ അവർ അയാളുടെ മൗനാനുവാദത്തോടെ കൂച്ചു വിലങ്ങിൽ കുടുക്കി കൂട്ടി.
"നാണം കെട്ടവനെ പറ എവിടെ... ആണ് നാരായണൻ. ഇല്ലാത്ത നാരായണൻ അല്ല നേരിൽ നിൽക്കുന്ന ഞാൻ ആണ് നായകനും നാവികനും. നിന്നെ നാം നയിക്കും. നീ അതു പടി നടക്കും. "
"നാരായണ"
"ഹേ.. കീടമേ.. എന്നാൽ കാണിക്കു. നീ വീമ്പിളക്കി വീമ്പിളക്കി വിളമ്പുന്ന ആ വിശ്വരൂപം എവിടെ? "

ആ ചോദ്യമായിരുന്നു തുടക്കം. അതെ....ആ അഹങ്കാരിയുടെ നാശത്തിന്റ തുടക്കം. അവസാനത്തിന്റെ ആരംഭം.
തൂണ് പിളർന്ന വന്ന സത്യം- ആ നിമിഷങ്ങളിൽ ആണ് സട കുടഞ്ഞത്. ഒരു ഒന്നന്നര കുടച്ചിൽ.